2012, ജൂൺ 28, വ്യാഴാഴ്‌ച

മുഴുവന്‍ ഹിന്ദുക്കളും സംഘടിക്കണം : ജസ്റ്റിസ്‌ ശ്രീദേവി


തിരുവനന്തപുരം : സംഘടിത ഹിന്ദുവിന്‌ മാത്രമേ ഹിന്ദുക്കളുടെ ഇന്നത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ എന്ന്‌ ജസ്റ്റിസ്‌ ഡി. ശ്രീദേവി അഭിപ്രായപ്പെട്ടു. കെ.പി. ശശികല ടീച്ചര്‍ നയിച്ച സാമൂഹ്യനീതി ജാഥയുടെ സമാപനസമ്മേളനം പുത്തരിക്കണ്ടത്ത്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജസ്റ്റിസ്‌ ശ്രീദേവി.

ഇവിടെ 89 ഹിന്ദു സംഘടനകള്‍ ഇന്ന്‌ ഒരുമിച്ചു വന്നിരിക്കുന്നു. ഇനിയും സംഘടനകള്‍ പുറത്തുണ്ട്‌. എല്ലാവരും യോജിച്ചു നില്‍ക്കണം. അസംഘടിത ഹിന്ദുവിന്‌ അവകാശങ്ങള്‍ നേടാനാവില്ല. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ആളുണ്ടാവില്ല. ഇന്നിവിടെ ഭരണമുണ്ടോ ? പരാതി പറഞ്ഞാല്‍ കേള്‍ക്കാനാളുണ്ടോ ? ഞാന്‍ തന്നെ പരാതി പറഞ്ഞതിന്‌ കണക്കില്ല. പരിഹാരം മാത്രമില്ല. വനിതാ കമ്മീഷന്‍ അധ്യക്ഷ കൂടിയായിരുന്ന ശ്രീദേവി ചൂണ്ടിക്കാട്ടി.

സാമൂഹ്യ നീതിക്കാണ്‌ നമ്മുടെ ഭരണഘടന പ്രാമുഖ്യം നല്‍കിയിരിക്കുന്നത്‌. അത്‌ ഇന്ന്‌ പാടേ വിസ്മരിക്കപ്പെട്ടിരിക്കുന്നു. അപകടകരമായ സാഹചര്യങ്ങളിലേക്കാണ്‌ കേരളം പൊയ്ക്കൊണ്ടിരിക്കുന്നത്‌. കാസര്‍ഗോഡ്‌ വര്‍ഗ്ഗീയതയുടെ വിഷപ്പുക ചുരുളുകള്‍ ഉയര്‍ന്നുകഴിഞ്ഞു. അത്‌ തല്ലിക്കെടുത്താനുള്ള കൈകള്‍ ഉയരണം. സാമൂഹ്യനീതി ജാഥ നയിച്ചത്‌ ഒരു സ്ത്രീയാണ്‌. സ്ത്രീയാണ്‌ എല്ലാറ്റിന്റെയും തുടക്കം. സ്ത്രീയില്‍ നിന്നാണ്‌ എല്ലാം ഉത്ഭവിക്കുന്നത്‌. ലോകത്തിന്റെ നിലനില്‍പ്പുതന്നെ സ്ത്രീയിലാണ്‌. അതിനാല്‍ സ്ത്രീകള്‍ ഒന്നടങ്കം ഹൈന്ദവ ഏകീകരണത്തിനായി മുന്നോട്ടുവരണം. എന്റെ എല്ലാവിധ പിന്തുണയും സഹകരണവും ഈ പ്രയത്നങ്ങള്‍ക്കുണ്ടാകുമെന്ന്‌ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ അവര്‍ പ്രഖ്യാപിച്ചു.
കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളും ഹിന്ദുക്കള്‍ നേരിടുന്ന പ്രശ്നങ്ങളും ഉള്‍ക്കൊള്ളുന്ന അഞ്ച്‌ പുസ്തകങ്ങള്‍ അധ്യക്ഷന്‍ ബാലശങ്കര്‍ മന്നത്തിന്‌ നല്‍കി ജസ്റ്റീസ്‌ ശ്രീദേവി പ്രകാശനം ചെയ്തു.
ആള്‍ക്കൂട്ടമല്ല ആര്‍ജവമാണ്‌ ഹിന്ദു നേരിടുന്ന പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമെന്ന്‌ അധ്യക്ഷ പ്രസംഗത്തില്‍ ബാലശങ്കര്‍ മന്നത്ത്‌ പ്രസ്താവിച്ചു. ആയിരം വര്‍ഷത്തെ അടിമത്തം അനുഭവിച്ച ഹിന്ദുക്കള്‍ സ്വാതന്ത്ര്യ സമ്പാദനത്തോടെ രക്ഷപ്പെടുമെന്ന്‌ വിശ്വസിച്ചു. ഇന്ന്‌ സ്വാതന്ത്ര്യമുണ്ട്‌. പക്ഷേ സ്വാശ്രയത്ത്വമില്ല. സംഘടിത ന്യൂനപക്ഷം അനര്‍ഹമായത്‌ പോലും തട്ടിയെടുക്കുന്നു. അസംഘടിത ഭൂരിപക്ഷത്തിന്‌ അര്‍ഹിക്കുന്നത്‌ പോലും നേടാന്‍ കഴിയുന്നില്ല. വിലപിച്ചതുകൊണ്ട്‌ കാര്യമില്ല. ആരെങ്കിലും അര്‍ഹതപ്പെട്ടത്‌ വിളിച്ചുതരമെന്നും പ്രതീക്ഷിക്കേണ്ട. മന്നത്ത്‌ പത്മനാഭന്റെ കുടുംബത്തില്‍പ്പെട്ടയാളാണ്‌ ഞാന്‍. മന്നത്ത്‌ പത്മനാഭന്‍ അന്ത്യശ്വാസം വലിക്കും വരെ ഹിന്ദു ഏകീകരണത്തിനാണ്‌ ശ്രമിച്ചത്‌. ഹിന്ദു സംഘടിച്ചാലേ രക്ഷയുള്ളൂ. വോട്ടുചെയ്യുമ്പോള്‍ അത്‌ ശ്രദ്ധിക്കണം. മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രിയുടെ പേരില്‍ സാമൂഹ്യ സന്തുലനം തകര്‍ന്നു എന്ന്‌ വിലപിച്ചവര്‍ ഇപ്പോള്‍ നിശബ്ദരായി. ഉമ്മന്‍ചാണ്ടി ആഭ്യന്തരം നായര്‍ മന്ത്രിക്കുകൊടുത്തപ്പോള്‍ സാമൂഹ്യ സന്തുലനം കൈവന്നോ ? തിരുവഞ്ചൂര്‍ നായര്‍ മന്ത്രിയോ ഹിന്ദു മന്ത്രിയോ അല്ല, കോണ്‍ഗ്രസ്‌ മന്ത്രിയാണ്‌. ആ കോണ്‍ഗ്രസ്സാണ്‌ രംഗനാഥമിശ്ര കമ്മീഷനെ നിശ്ചയിച്ച്‌ പാവപ്പെട്ട ഹിന്ദുവിനുള്ള ആനുകൂല്യം തട്ടിത്തെറിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തത്‌, അദ്ദേഹം ചൂണ്ടിക്കാട്ടി.

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ