കൊച്ചി: സനാതന മൂല്യങ്ങളുടെ വെളിച്ചമാണ് സന്യാസിമാരെന്ന് ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ പറഞ്ഞു. സമൂഹത്തിന് നേര്‍വഴി കാട്ടുന്ന സന്യാസിമാര്‍ വിളക്കും വെളിച്ചവുമാണ്. മാര്‍ഗ്ഗദര്‍ശക് മണ്ഡലിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് ആരംഭിച്ച രണ്ട് ദിവസത്തെ സന്യാസി സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി.
അതിമഹത്തായ ആര്‍ഷഭാരത സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും വെളിച്ചം സമൂഹത്തിന്റെ ഉദ്ധാരണത്തിനായി പ്രകാശിപ്പിച്ചുകൊണ്ട് നിലകൊള്ളുന്ന ത്യാഗിയാണ് സന്യാസിമാര്‍. ഇങ്ങനെ അന്യജീവന് ഉതകിയും പരോപകാരികളായും നിലകൊള്ളുന്ന സന്യാസിമാര്‍ എല്ലാ ഭൗതിക സുഖങ്ങളെയും ത്യജിച്ചവരാണ്. ആനന്ദബോധത്തിന്റെ പ്രകാശാത്മകതയില്‍ നിലകൊള്ളുന്ന ഈ സന്യാസിമാര്‍ക്ക് പലവിധ വൈഷമ്യങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വാര്‍ധക്യംകൊണ്ടും രോഗാതുരത കൊണ്ടും പരിചരണമില്ലായ്മകൊണ്ടും മറ്റുള്ളവരാല്‍ ഉണ്ടാകുന്ന വ്യവഹാരങ്ങള്‍ കൊണ്ടും സന്യാസിമാര്‍ വിഷമിക്കുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇക്കാര്യത്തില്‍ ഭാരതത്തിന്റെ ഋഷി മഹിമയിലും നന്മയിലും ധാര്‍മികതയിലും വിശ്വാസം പുലര്‍ത്തുന്നവരുടെ കൂട്ടായ്മ ഉണ്ടാവേണ്ടതുണ്ട്. സന്യാസിമാര്‍ സംരക്ഷിക്കപ്പെടാതിരുന്നാല്‍ സമൂഹം ഇരുട്ടിലാണ്ടുപോകും. ആ ഇരുളില്‍ അധര്‍മ്മവാദികള്‍ ശക്തിപ്രാപിക്കും. പിന്നെ ശാന്തിയും സമാധാനവും ഇല്ലാതാകും. അതുകൊണ്ട് സന്യാസിമാരെ സംരക്ഷിക്കേണ്ട കടമയും കടപ്പാടും സമൂഹത്തിനുണ്ട്. ഇതിനായുള്ള ബോധവല്‍ക്കരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പ്രകാശാനന്ദ സ്വാമി പറഞ്ഞു.
മാര്‍ഗ്ഗദര്‍ശക മണ്ഡലം രക്ഷാധികാരി സ്വാമി വേദാനന്ദസരസ്വതി അധ്യക്ഷത വഹിച്ചു. സ്വാമി ചിദാനന്ദപുരി ചടങ്ങില്‍ ആചാര്യപദവി അലങ്കരിച്ചു. ശാസ്ത്രാധിഷ്ഠിതമായ ഒരു സമൂഹരചനക്കും പരിവര്‍ത്തനത്തിനും സന്യാസിശ്രേഷ്ഠന്മാര്‍ രംഗത്ത് വരണമെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. മദ്യാസക്തി വര്‍ധിച്ചുവരുന്നതും മതംമാറ്റവും ഉത്കണ്ഠാജനകമാണ്. ശാസ്ത്രവും സ്വാധ്യായവും തപസും സമൂഹത്തിന് പകര്‍ന്നു നല്‍കുകയാണ് ഏക പോംവഴിയെന്ന് സ്വാമി പറഞ്ഞു.
ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം (ശ്രീരാമദാസ മിഷന്‍), സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍ (വിദ്യാരാജാ സേവാശ്രമം, പാലാ), സ്വാമി വിമലാനന്ദ (വിമലാനന്ദനിലയം, വര്‍ക്കല), സ്വാമി പ്രഭാകരാനന്ദ സരസ്വതി (പാലക്കാട് അയ്യപ്പസേവാശ്രമം) എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ഭാരവാഹികളായ ജസ്റ്റിസ് എം. രാമചന്ദ്രന്‍, കുമ്മനം രാജശേഖരന്‍, ബി.ആര്‍. ബാലരാമന്‍, പി. രാമചന്ദ്രന്‍, കെ. മുരളീധരന്‍, വി. മോഹനന്‍, കെ.പി. നാരായണന്‍, സി.വി. പുഷ്പന്‍ ശാന്തി, സി.ജി. രാജഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു. പ്രകാശാനന്ദ സ്വാമികളെ അനുഗ്രഹ ചാരിറ്റബിള്‍ സൊസൈറ്റി ട്രസ്റ്റിമാരായ സി. സുരേന്ദ്ര നായ്ക്ക്, എന്‍. മുരളീധരപൈ എന്നിവര്‍ ആചാരപരമായി വരവേറ്റു. സ്വാമി പ്രശാന്താനന്ദസരസ്വതി സ്വാഗതവും സ്വാമി സത്സ്വരൂപാനന്ദ നന്ദിയും പറഞ്ഞു.
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ