2012, ജൂൺ 28, വ്യാഴാഴ്‌ച

എന്‍എസ്‌എസ്‌-എസ്‌എന്‍ഡിപി നിലപാട്‌ സ്വാഗതാര്‍ഹം: കുമ്മനം


കൊച്ചി: എന്‍എസ്‌എസും എസ്‌എന്‍ഡിപിയും യോജിച്ച്‌ പ്രവര്‍ത്തിക്കുമെന്ന പ്രസ്തുത സംഘടനാ നേതാക്കളുടെ പ്രഖ്യാപനം സ്വാഗതാര്‍ഹവും പ്രതീക്ഷ നല്‍കുന്നതുമാണെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു. 
സമീപകാലത്ത്‌ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന ന്യൂനപക്ഷപ്രീണനവും ഭൂരിപക്ഷ വിരുദ്ധ നടപടികളും സഹിക്കാവുന്നതിലപ്പുറം അതിരുകടന്നിട്ടുള്ള സാഹചര്യത്തില്‍ ഹിന്ദു അവാന്ത വിഭാഗങ്ങളെല്ലാം യോജിപ്പിലെത്തേണ്ടത്‌ നാടിന്റെ വിശാല താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. വിയോജിപ്പും സ്പര്‍ധയും ഒഴിവാക്കി ഐക്യവും സൗഹാര്‍ദ്ദവും വളര്‍ത്തിയെടുത്ത്‌ ഒരുമിച്ച്‌ നിന്ന്‌ പോരാടുവാനുള്ള ശേഷി ഹിന്ദുസമൂഹത്തിന്‌ കൈവരിക്കുവാന്‍ ഈ പ്രഖ്യാപനം ഇടയാക്കുമെന്ന്‌ അദ്ദേഹം പ്രത്യാശിച്ചു.
ഭൂരഹിതരും ദരിദ്രരും പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ജനവിഭാഗങ്ങളും അസംതൃപ്തിയിലും ആശങ്കയിലുമാണ്‌. അവരുടെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്തുന്നതിനേക്കാള്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്‌ ന്യൂനപക്ഷ മതസമൂഹങ്ങളുടെ ആവശ്യങ്ങള്‍ക്കാണ്‌. മുസ്ലീംലീഗിന്റെ അതിരുവിട്ട വിലപേശലും കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദരാഷ്ട്രീയവും കേരളത്തിന്റെ രാഷ്ട്രീയ ഗതിയെത്തന്നെ മാറ്റിമറിച്ചിരിക്കുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച 35 സ്കൂളുകള്‍ എയ്ഡഡ്‌ സ്കൂളുകളാക്കി മാറ്റുന്നത്‌ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌.
ഈ അവസരത്തില്‍ മതേതര മൂല്യങ്ങളും ധാര്‍മ്മികചിന്തകളും മുറുകെ പിടിക്കുന്ന ജനമുന്നേറ്റങ്ങള്‍ ഉണ്ടാകുവാന്‍ പുതിയ സംഭവവികാസങ്ങള്‍ വഴിതെളിയിക്കുമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ലീഗ്‌ മന്ത്രിയുടെ തീരുമാനങ്ങളും നടപടികളും വിദ്യാഭ്യാസരംഗത്ത്‌ വിവാദമുയര്‍ത്തിയ സാഹചര്യത്തില്‍ ആ തീരുമാനങ്ങള്‍ റദ്ദുചെയ്യുകയും വിദ്യാഭ്യാസവകുപ്പ്‌ മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
(കുമ്മനം രാജശേഖരന്‍)

അവകാശപത്രിക അംഗീകരിക്കും വരെ പ്രക്ഷോഭത്തിന്‌ സാമൂഹ്യനീതി കര്‍മ്മ സമിതി


തിരുവനന്തപുരം: വിവിധ ഹിന്ദുസംഘടനകള്‍ ചേര്‍ന്ന്‌ സാമൂഹ്യനീതി കര്‍മസമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കു നല്‍കിയ അവകാശപത്രിക അംഗീകരിച്ച്‌ നടപ്പാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന്‌ സാമൂഹ്യനീതി കര്‍മസമിതിയിലെ അറുപത്‌ ഹിന്ദുസംഘടനകളിലെ 140 സംസ്ഥാനനേതാക്കള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഹിന്ദു സംഘടനകള്‍ക്കു നല്‍കിയ വാക്കു പാലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അവകാശപത്രിക മുഖ്യമന്ത്രിക്കു നല്‍കിയിട്ട്‌ മാസം ഒന്നു കഴിഞ്ഞതായി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു. പത്രിക സ്വീകരിക്കുമ്പോള്‍ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ച്‌ ചര്‍ച്ച ചെയ്ത്‌ നടപ്പാക്കാമെന്ന്‌ മുഖ്യമന്ത്രി വാക്കു നല്‍കിയതാണ്‌. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതേസമയം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ ആവശ്യപ്പെടാതെ തന്നെ വാരിക്കോരി നല്‌ കുകയാണ്‌. പട്ടികവിഭാഗമുള്‍പ്പെടെ ഹിന്ദു ക്കള്‍ സമൂഹത്തിന്റെ താഴെത്തട്ടിലേക്കു പോകുന്നു. ഇത്‌ കടുത്ത സാമൂഹിക അസന്തുലിതാവസ്ഥയ്ക്കു കാരണമാകും. പൊ തുഖജനാവിലെ പണം സംഘടിത മതവിഭാഗങ്ങള്‍ക്കു മാത്രമായി ചെലവഴിക്കുന്നു. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക്‌ നാമമാത്ര ആനുകൂല്യങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നു. അവരുടെ കഷ്ടപ്പാടും ദുഃഖവും വേ ദനയും ഭരണാധികാരികള്‍ കാണുന്നില്ല. അ വര്‍ക്ക്‌ വേണ്ടത്ര വിദ്യാഭ്യാസമോ തൊഴിലവസരങ്ങളോ ലഭിക്കുന്നില്ല. ധര്‍ണയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിച്ച്‌ സാമൂഹകസമത്വം കൈവരുത്താനാണ്‌ സം വരണം ആവിഷ്കരിച്ചത്‌. എന്നാലിപ്പോള്‍ അതും ന്യൂനപക്ഷ വിഭാഗങ്ങള്‍ തട്ടിയെടുക്കുകയാണെന്ന്‌ അദ്ദേഹം ആരോപിച്ചു.

ന്യൂനപക്ഷങ്ങള്‍ക്ക്‌ നിയമപ്രകാരമുള്ള ന്യൂനപക്ഷ അവകാശമുണ്ട്‌. അതോടൊപ്പം സംവരണവും വേണമെന്നു പറയുന്നത്‌ ന്യായീകരിക്കാന്‍ കഴിയില്ല. എല്ലാ ആനുകൂല്യങ്ങളും നേടി അവര്‍ സൂപ്പര്‍ പൗരന്മാരാകുന്നു. ഇത്‌ സമൂഹത്തില്‍ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കും. ന്യൂനപക്ഷങ്ങള്‍ ക്ക്‌ അര്‍ഹതപ്പെട്ടത്‌ നല്‍കുന്നതിന്‌ ആരും എതിരല്ല. എന്നാല്‍ ഹിന്ദുക്കള്‍ എല്ലാം നഷ്‌ ടപ്പെട്ട്‌ ജീവിക്കുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ല. ഇതില്‍നിന്നും മോചനം നേടാനാ ണ്‌ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുള്‍പ്പെടെ നൂറിലധികം ഹിന്ദുസംഘടനകള്‍ ചേര്‍ന്ന്‌ അവകാശ പത്രിക സമര്‍പ്പിച്ചത്‌.
ഹിന്ദുക്കളുടെ ന്യായ മായ ആവശ്യങ്ങള്‍ മതേതരത്വത്തിന്‌ എതിരല്ല. എന്നിട്ടും കണ്ണു തുറക്കാത്ത മുഖ്യമന്ത്രി മുസ്ലീം ട്രസ്റ്റുകള്‍ക്ക്‌ സര്‍ക്കാരിന്റെ കോടിക്കണക്കിനു രൂപ നല്‍കാന്‍ കൂട്ടു നില്‍ക്കുന്നു. തൃശ്ശൂരില്‍ ക്രൈസ്തവ വിഭാഗത്തിന്‌ 1200 കോടിയിലധികം രൂപ വിലവരുന്ന ഭൂമി പാട്ടക്കുടിശ്ശിക ഒഴിവാക്കി നല്‍കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്ഷേത്രങ്ങളുടെയും ദേവസ്വത്തിന്റെയും ഭൂമി അന്യാധീനപ്പെടുത്തുന്ന സര്‍ക്കാര്‍ ക്ഷേത്രങ്ങളുടെ തുച്ഛമായ വാര്‍ഷികാശനം പോലും കൃത്യമായി നല്‍കുന്നില്ല. ശബരിമലയില്‍ നിന്നും വര്‍ഷാവര്‍ഷം ഹിന്ദുക്കളുടെ പതിനായിരംകോടി രൂപയാണ്‌ സര്‍ക്കാരിലേക്ക്‌ ലഭിക്കുന്നത്‌. എന്നാലവിടെ വരുന്ന ഭക്തജനങ്ങള്‍ക്ക്‌ യാതൊരു സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നില്ല. ഇത്‌ മാറ്റത്തിന്റെ സൂചന നല്‍കുന്ന ഐതിഹാസിക സമരത്തിന്‌ തുടക്കം കുറിച്ചു കൊണ്ടുള്ള ധര്‍ണയാണ്‌. ഹിന്ദുക്കള്‍ ഐക്യത്തോടെ അണിനിരന്ന്‌ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന്‌ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു

മുഴുവന്‍ ഹിന്ദുക്കളും സംഘടിക്കണം : ജസ്റ്റിസ്‌ ശ്രീദേവി


തിരുവനന്തപുരം : സംഘടിത ഹിന്ദുവിന്‌ മാത്രമേ ഹിന്ദുക്കളുടെ ഇന്നത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ എന്ന്‌ ജസ്റ്റിസ്‌ ഡി. ശ്രീദേവി അഭിപ്രായപ്പെട്ടു. കെ.പി. ശശികല ടീച്ചര്‍ നയിച്ച സാമൂഹ്യനീതി ജാഥയുടെ സമാപനസമ്മേളനം പുത്തരിക്കണ്ടത്ത്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജസ്റ്റിസ്‌ ശ്രീദേവി.

ഇവിടെ 89 ഹിന്ദു സംഘടനകള്‍ ഇന്ന്‌ ഒരുമിച്ചു വന്നിരിക്കുന്നു. ഇനിയും സംഘടനകള്‍ പുറത്തുണ്ട്‌. എല്ലാവരും യോജിച്ചു നില്‍ക്കണം. അസംഘടിത ഹിന്ദുവിന്‌ അവകാശങ്ങള്‍ നേടാനാവില്ല. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ആളുണ്ടാവില്ല. ഇന്നിവിടെ ഭരണമുണ്ടോ ? പരാതി പറഞ്ഞാല്‍ കേള്‍ക്കാനാളുണ്ടോ ? ഞാന്‍ തന്നെ പരാതി പറഞ്ഞതിന്‌ കണക്കില്ല. പരിഹാരം മാത്രമില്ല. വനിതാ കമ്മീഷന്‍ അധ്യക്ഷ കൂടിയായിരുന്ന ശ്രീദേവി ചൂണ്ടിക്കാട്ടി.

സാമൂഹ്യ നീതിക്കാണ്‌ നമ്മുടെ ഭരണഘടന പ്രാമുഖ്യം നല്‍കിയിരിക്കുന്നത്‌. അത്‌ ഇന്ന്‌ പാടേ വിസ്മരിക്കപ്പെട്ടിരിക്കുന്നു. അപകടകരമായ സാഹചര്യങ്ങളിലേക്കാണ്‌ കേരളം പൊയ്ക്കൊണ്ടിരിക്കുന്നത്‌. കാസര്‍ഗോഡ്‌ വര്‍ഗ്ഗീയതയുടെ വിഷപ്പുക ചുരുളുകള്‍ ഉയര്‍ന്നുകഴിഞ്ഞു. അത്‌ തല്ലിക്കെടുത്താനുള്ള കൈകള്‍ ഉയരണം. സാമൂഹ്യനീതി ജാഥ നയിച്ചത്‌ ഒരു സ്ത്രീയാണ്‌. സ്ത്രീയാണ്‌ എല്ലാറ്റിന്റെയും തുടക്കം. സ്ത്രീയില്‍ നിന്നാണ്‌ എല്ലാം ഉത്ഭവിക്കുന്നത്‌. ലോകത്തിന്റെ നിലനില്‍പ്പുതന്നെ സ്ത്രീയിലാണ്‌. അതിനാല്‍ സ്ത്രീകള്‍ ഒന്നടങ്കം ഹൈന്ദവ ഏകീകരണത്തിനായി മുന്നോട്ടുവരണം. എന്റെ എല്ലാവിധ പിന്തുണയും സഹകരണവും ഈ പ്രയത്നങ്ങള്‍ക്കുണ്ടാകുമെന്ന്‌ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ അവര്‍ പ്രഖ്യാപിച്ചു.
കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളും ഹിന്ദുക്കള്‍ നേരിടുന്ന പ്രശ്നങ്ങളും ഉള്‍ക്കൊള്ളുന്ന അഞ്ച്‌ പുസ്തകങ്ങള്‍ അധ്യക്ഷന്‍ ബാലശങ്കര്‍ മന്നത്തിന്‌ നല്‍കി ജസ്റ്റീസ്‌ ശ്രീദേവി പ്രകാശനം ചെയ്തു.
ആള്‍ക്കൂട്ടമല്ല ആര്‍ജവമാണ്‌ ഹിന്ദു നേരിടുന്ന പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമെന്ന്‌ അധ്യക്ഷ പ്രസംഗത്തില്‍ ബാലശങ്കര്‍ മന്നത്ത്‌ പ്രസ്താവിച്ചു. ആയിരം വര്‍ഷത്തെ അടിമത്തം അനുഭവിച്ച ഹിന്ദുക്കള്‍ സ്വാതന്ത്ര്യ സമ്പാദനത്തോടെ രക്ഷപ്പെടുമെന്ന്‌ വിശ്വസിച്ചു. ഇന്ന്‌ സ്വാതന്ത്ര്യമുണ്ട്‌. പക്ഷേ സ്വാശ്രയത്ത്വമില്ല. സംഘടിത ന്യൂനപക്ഷം അനര്‍ഹമായത്‌ പോലും തട്ടിയെടുക്കുന്നു. അസംഘടിത ഭൂരിപക്ഷത്തിന്‌ അര്‍ഹിക്കുന്നത്‌ പോലും നേടാന്‍ കഴിയുന്നില്ല. വിലപിച്ചതുകൊണ്ട്‌ കാര്യമില്ല. ആരെങ്കിലും അര്‍ഹതപ്പെട്ടത്‌ വിളിച്ചുതരമെന്നും പ്രതീക്ഷിക്കേണ്ട. മന്നത്ത്‌ പത്മനാഭന്റെ കുടുംബത്തില്‍പ്പെട്ടയാളാണ്‌ ഞാന്‍. മന്നത്ത്‌ പത്മനാഭന്‍ അന്ത്യശ്വാസം വലിക്കും വരെ ഹിന്ദു ഏകീകരണത്തിനാണ്‌ ശ്രമിച്ചത്‌. ഹിന്ദു സംഘടിച്ചാലേ രക്ഷയുള്ളൂ. വോട്ടുചെയ്യുമ്പോള്‍ അത്‌ ശ്രദ്ധിക്കണം. മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രിയുടെ പേരില്‍ സാമൂഹ്യ സന്തുലനം തകര്‍ന്നു എന്ന്‌ വിലപിച്ചവര്‍ ഇപ്പോള്‍ നിശബ്ദരായി. ഉമ്മന്‍ചാണ്ടി ആഭ്യന്തരം നായര്‍ മന്ത്രിക്കുകൊടുത്തപ്പോള്‍ സാമൂഹ്യ സന്തുലനം കൈവന്നോ ? തിരുവഞ്ചൂര്‍ നായര്‍ മന്ത്രിയോ ഹിന്ദു മന്ത്രിയോ അല്ല, കോണ്‍ഗ്രസ്‌ മന്ത്രിയാണ്‌. ആ കോണ്‍ഗ്രസ്സാണ്‌ രംഗനാഥമിശ്ര കമ്മീഷനെ നിശ്ചയിച്ച്‌ പാവപ്പെട്ട ഹിന്ദുവിനുള്ള ആനുകൂല്യം തട്ടിത്തെറിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തത്‌, അദ്ദേഹം ചൂണ്ടിക്കാട്ടി.

സന്യാസിമാര്‍ സനാതനമൂല്യങ്ങളുടെ പ്രകാശം: സ്വാമി പ്രകാശാനന്ദ


കൊച്ചി: സനാതന മൂല്യങ്ങളുടെ വെളിച്ചമാണ്‌ സന്യാസിമാരെന്ന്‌ ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ പറഞ്ഞു. സമൂഹത്തിന്‌ നേര്‍വഴി കാട്ടുന്ന സന്യാസിമാര്‍ വിളക്കും വെളിച്ചവുമാണ്‌. മാര്‍ഗ്ഗദര്‍ശക്‌ മണ്ഡലിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത്‌ ആരംഭിച്ച രണ്ട്‌ ദിവസത്തെ സന്യാസി സമ്മേളനം ഉദ്ഘാടനംചെയ്ത്‌ സംസാരിക്കുകയായിരുന്നു സ്വാമി.

അതിമഹത്തായ ആര്‍ഷഭാരത സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും വെളിച്ചം സമൂഹത്തിന്റെ ഉദ്ധാരണത്തിനായി പ്രകാശിപ്പിച്ചുകൊണ്ട്‌ നിലകൊള്ളുന്ന ത്യാഗിയാണ്‌ സന്യാസിമാര്‍. ഇങ്ങനെ അന്യജീവന്‌ ഉതകിയും പരോപകാരികളായും നിലകൊള്ളുന്ന സന്യാസിമാര്‍ എല്ലാ ഭൗതിക സുഖങ്ങളെയും ത്യജിച്ചവരാണ്‌. ആനന്ദബോധത്തിന്റെ പ്രകാശാത്മകതയില്‍ നിലകൊള്ളുന്ന ഈ സന്യാസിമാര്‍ക്ക്‌ പലവിധ വൈഷമ്യങ്ങളാണ്‌ നേരിട്ടുകൊണ്ടിരിക്കുന്നത്‌. വാര്‍ധക്യംകൊണ്ടും രോഗാതുരത കൊണ്ടും പരിചരണമില്ലായ്മകൊണ്ടും മറ്റുള്ളവരാല്‍ ഉണ്ടാകുന്ന വ്യവഹാരങ്ങള്‍ കൊണ്ടും സന്യാസിമാര്‍ വിഷമിക്കുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ലാത്തതാണ്‌. ഇക്കാര്യത്തില്‍ ഭാരതത്തിന്റെ ഋഷി മഹിമയിലും നന്മയിലും ധാര്‍മികതയിലും വിശ്വാസം പുലര്‍ത്തുന്നവരുടെ കൂട്ടായ്മ ഉണ്ടാവേണ്ടതുണ്ട്‌. സന്യാസിമാര്‍ സംരക്ഷിക്കപ്പെടാതിരുന്നാല്‍ സമൂഹം ഇരുട്ടിലാണ്ടുപോകും. ആ ഇരുളില്‍ അധര്‍മ്മവാദികള്‍ ശക്തിപ്രാപിക്കും. പിന്നെ ശാന്തിയും സമാധാനവും ഇല്ലാതാകും. അതുകൊണ്ട്‌ സന്യാസിമാരെ സംരക്ഷിക്കേണ്ട കടമയും കടപ്പാടും സമൂഹത്തിനുണ്ട്‌. ഇതിനായുള്ള ബോധവല്‍ക്കരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന്‌ പ്രകാശാനന്ദ സ്വാമി പറഞ്ഞു.

മാര്‍ഗ്ഗദര്‍ശക മണ്ഡലം രക്ഷാധികാരി സ്വാമി വേദാനന്ദസരസ്വതി അധ്യക്ഷത വഹിച്ചു. സ്വാമി ചിദാനന്ദപുരി ചടങ്ങില്‍ ആചാര്യപദവി അലങ്കരിച്ചു. ശാസ്ത്രാധിഷ്ഠിതമായ ഒരു സമൂഹരചനക്കും പരിവര്‍ത്തനത്തിനും സന്യാസിശ്രേഷ്ഠന്മാര്‍ രംഗത്ത്‌ വരണമെന്ന്‌ സ്വാമി ചിദാനന്ദപുരി പറഞ്ഞു. മദ്യാസക്തി വര്‍ധിച്ചുവരുന്നതും മതംമാറ്റവും ഉത്കണ്ഠാജനകമാണ്‌. ശാസ്ത്രവും സ്വാധ്യായവും തപസും സമൂഹത്തിന്‌ പകര്‍ന്നു നല്‍കുകയാണ്‌ ഏക പോംവഴിയെന്ന്‌ സ്വാമി പറഞ്ഞു.

ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം (ശ്രീരാമദാസ മിഷന്‍), സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍ (വിദ്യാരാജാ സേവാശ്രമം, പാലാ), സ്വാമി വിമലാനന്ദ (വിമലാനന്ദനിലയം, വര്‍ക്കല), സ്വാമി പ്രഭാകരാനന്ദ സരസ്വതി (പാലക്കാട്‌ അയ്യപ്പസേവാശ്രമം) എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ഭാരവാഹികളായ ജസ്റ്റിസ്‌ എം. രാമചന്ദ്രന്‍, കുമ്മനം രാജശേഖരന്‍, ബി.ആര്‍. ബാലരാമന്‍, പി. രാമചന്ദ്രന്‍, കെ. മുരളീധരന്‍, വി. മോഹനന്‍, കെ.പി. നാരായണന്‍, സി.വി. പുഷ്പന്‍ ശാന്തി, സി.ജി. രാജഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു. പ്രകാശാനന്ദ സ്വാമികളെ അനുഗ്രഹ ചാരിറ്റബിള്‍ സൊസൈറ്റി ട്രസ്റ്റിമാരായ സി. സുരേന്ദ്ര നായ്ക്ക്‌, എന്‍. മുരളീധരപൈ എന്നിവര്‍ ആചാരപരമായി വരവേറ്റു. സ്വാമി പ്രശാന്താനന്ദസരസ്വതി സ്വാഗതവും സ്വാമി സത്സ്വരൂപാനന്ദ നന്ദിയും പറഞ്ഞു.

2012, ജൂൺ 23, ശനിയാഴ്‌ച

ന്യൂനപക്ഷ സമ്മര്‍ദ്ദ രാഷ്ട്രീയം(ലഘു പുസ്തകം) - ഡോ. കെ ജയപ്രസാദ്‌

കേരള രാഷ്ട്രീയം പുതിയ വഴിത്തിരിവിലാണ്. അനാരോഗ്യകരമായ  വര്‍ഗ്ഗീയ  ധ്രുവീകരണമാണ് 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രകടമായത്. എല്ലാ സീമകളെയും ലന്ഘിക്കുന്ന തരത്തില്‍ ന്യൂനപക്ഷ സമ്മര്‍ദ്ദ രാഷ്ട്രീയം പ്രബലമായിരിക്കുന്നു. ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികളെയും മുന്‍ഗണനകളെയും നയപരിപാടികളെയും നിശ്ചയിക്കുന്നത് സംഘടിത മതശക്തികളായിരിക്കുന്നു. ഹിന്ദു സമുദായ സംഘടനകളും, നേതാക്കളും അവഗണിക്കപ്പെടുമ്പോള്‍ ന്യൂനപക്ഷ, സംഘടിത മതനേതാക്കളുടെ ആസ്ഥാനങ്ങള്‍ക്ക് മുന്നില്‍ ഇടത്-വലത് പക്ഷം കൂടാതെ  രാഷ്ട്രീയ നേതാക്കള്‍ കാത്തുനില്‍ക്കുന്ന അവസ്ഥയുണ്ടായിരിക്കുന്നു.  (ന്യൂനപക്ഷ സമ്മര്‍ദ്ദ രാഷ്ട്രീയം  (ഡോ. കെ ജയപ്രസാദ്‌) എന്ന പുസ്തകത്തില്‍ നിന്നും.

ഇവിടെ നിന്നും 'ന്യൂനപക്ഷ സമ്മര്‍ദ്ദ രാഷ്ട്രീയം' എന്ന പുസ്തകം ഡൌണ്‍ലോഡ് ചെയ്യാം.