2012, ജൂൺ 28, വ്യാഴാഴ്‌ച

എന്‍എസ്‌എസ്‌-എസ്‌എന്‍ഡിപി നിലപാട്‌ സ്വാഗതാര്‍ഹം: കുമ്മനം


കൊച്ചി: എന്‍എസ്‌എസും എസ്‌എന്‍ഡിപിയും യോജിച്ച്‌ പ്രവര്‍ത്തിക്കുമെന്ന പ്രസ്തുത സംഘടനാ നേതാക്കളുടെ പ്രഖ്യാപനം സ്വാഗതാര്‍ഹവും പ്രതീക്ഷ നല്‍കുന്നതുമാണെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു. 
സമീപകാലത്ത്‌ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന ന്യൂനപക്ഷപ്രീണനവും ഭൂരിപക്ഷ വിരുദ്ധ നടപടികളും സഹിക്കാവുന്നതിലപ്പുറം അതിരുകടന്നിട്ടുള്ള സാഹചര്യത്തില്‍ ഹിന്ദു അവാന്ത വിഭാഗങ്ങളെല്ലാം യോജിപ്പിലെത്തേണ്ടത്‌ നാടിന്റെ വിശാല താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. വിയോജിപ്പും സ്പര്‍ധയും ഒഴിവാക്കി ഐക്യവും സൗഹാര്‍ദ്ദവും വളര്‍ത്തിയെടുത്ത്‌ ഒരുമിച്ച്‌ നിന്ന്‌ പോരാടുവാനുള്ള ശേഷി ഹിന്ദുസമൂഹത്തിന്‌ കൈവരിക്കുവാന്‍ ഈ പ്രഖ്യാപനം ഇടയാക്കുമെന്ന്‌ അദ്ദേഹം പ്രത്യാശിച്ചു.
ഭൂരഹിതരും ദരിദ്രരും പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ജനവിഭാഗങ്ങളും അസംതൃപ്തിയിലും ആശങ്കയിലുമാണ്‌. അവരുടെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്തുന്നതിനേക്കാള്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്‌ ന്യൂനപക്ഷ മതസമൂഹങ്ങളുടെ ആവശ്യങ്ങള്‍ക്കാണ്‌. മുസ്ലീംലീഗിന്റെ അതിരുവിട്ട വിലപേശലും കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദരാഷ്ട്രീയവും കേരളത്തിന്റെ രാഷ്ട്രീയ ഗതിയെത്തന്നെ മാറ്റിമറിച്ചിരിക്കുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച 35 സ്കൂളുകള്‍ എയ്ഡഡ്‌ സ്കൂളുകളാക്കി മാറ്റുന്നത്‌ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌.
ഈ അവസരത്തില്‍ മതേതര മൂല്യങ്ങളും ധാര്‍മ്മികചിന്തകളും മുറുകെ പിടിക്കുന്ന ജനമുന്നേറ്റങ്ങള്‍ ഉണ്ടാകുവാന്‍ പുതിയ സംഭവവികാസങ്ങള്‍ വഴിതെളിയിക്കുമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ലീഗ്‌ മന്ത്രിയുടെ തീരുമാനങ്ങളും നടപടികളും വിദ്യാഭ്യാസരംഗത്ത്‌ വിവാദമുയര്‍ത്തിയ സാഹചര്യത്തില്‍ ആ തീരുമാനങ്ങള്‍ റദ്ദുചെയ്യുകയും വിദ്യാഭ്യാസവകുപ്പ്‌ മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
(കുമ്മനം രാജശേഖരന്‍)

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ