2012, ജൂലൈ 27, വെള്ളിയാഴ്‌ച

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം


ഹിന്ദു നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തനുണര്‍വേകി അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ പ്രത്യേകം തയാറാക്കിയ സ്വാമി സത്യാനന്ദസരസ്വതി നഗറില്‍ കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാതാശ്രമം മഠാധിപതി ബ്രഹ്മശ്രീ സ്വാമി ചിദാനന്ദപുരി പതാക ഉയര്‍ത്തി. ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം പ്രഡിഡന്റ് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി ദീപപ്രോജ്വാലനം നടത്തിയതോടെയാണ് അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് തുടക്കമായത്. ചടങ്ങിനുമുമ്പ് ധര്‍മകാഹളം മുഴക്കി ശംഖധ്വനി ഉയര്‍ന്നത് വേറിട്ട അനുഭവമായി.

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിശ്വമാനവികതയ്ക്കായി ഹൈന്ദവജനതയുടെ സംഭാവന എത്രത്തോളം വലുതാണെന്നും അത് തിരിച്ചറിയാതെയിരിക്കുന്ന ഹിന്ദു ഉണരേണ്ടിയിരിക്കുന്നവെന്ന് അദ്ദേഹം പറഞ്ഞു. ഹൈന്ദവര്‍ക്കെതിരെയുള്ള ചൂഷണത്തെ അറിഞ്ഞിട്ടും പ്രതികരിക്കാതിരിക്കുന്നത് കഴിവുകേടായി കാണേണ്ടെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. പുണ്യനഗരിയായ അനന്തപുരിയെ അതിന്റെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് ധര്‍മ്മനഗരിയാക്കിമാറ്റുന്നതിന് ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ ആരംഭിച്ച കര്‍മ്മപദ്ധതികള്‍ നടപ്പിലാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവതി ആഘോഷത്തിലെത്തി നില്ക്കുന്ന തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെ സംഘാടക സമിതിക്കുവേണ്ടി അദ്ദേഹം പൊന്നാടയണിയിച്ച് ആദരിച്ചു. സമിതിയുടെ ഫലകവും അദ്ദേഹത്തിനു നല്‍കി.

ബ്രഹ്മശ്രീ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ലോകത്തിനു മുഴുവന്‍ ഗുരുവായ ഭാരതം ഹൈന്ദവജനതയുടെ സംസ്‌കാരത്തിന്റെ വെളിച്ചമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘാടകസമിതി ചെയര്‍മാന്‍ ഒ. രാജഗോപാല്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍വീനര്‍ എം. ഗോപാല്‍, മുഖ്യ സംയോജകന്‍ കെ. രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു. വര്‍ക്കിംഗ് ചെയര്‍മാന്‍ പി. അശോക് കുമാര്‍ സ്വാഗതവും നേമം ജയന്‍ നന്ദിയും പറഞ്ഞു.

2012, ജൂലൈ 23, തിങ്കളാഴ്‌ച

അനന്തപുരി ഹിന്ദു മഹാസമ്മേളനം ജൂലായ് 25ന്


2012, ജൂലൈ 3, ചൊവ്വാഴ്ച

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് ജൂലായ് 25ന് തിരിതെളിയും



അനന്തപുരി ഹിന്ദുമത പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലായ് 25 മുതല്‍ ആഗസ്ത് ഒന്നുവരെ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് സ്വാമി സത്യാനന്ദ സരസ്വതി നഗറില്‍ എട്ടുദിവസം നീണ്ടുനില്‍ക്കുന്ന ഹിന്ദുമഹാസമ്മേളനം സംഘടിപ്പിക്കും.

25 ന് ഹിന്ദുമഹാസമ്മേളനം പി. പരമേശ്വരന്‍ ഉദ്ഘാടനം ചെയ്യും. ‘മാനവീയതയ്ക്കായി വീരാട് ഹിന്ദുത്വം’ എന്ന വിഷയത്തെ ആസ്പദമാക്കി കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. രണ്ടാംദിവസം കാര്‍ഗില്‍ ദിനമായി ആചരിക്കും. ബ്രിഗേഡിയര്‍ സി. സന്ദീപ്കുമാര്‍ നേതൃത്വം നല്‍കുന്ന ദിനാചരണത്തില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത് രാഷ്ട്രത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച സൈനികരെ ആദരിക്കും.
മൂന്നാംദിവസം അയ്യപ്പധര്‍മത്തെക്കുറിച്ച് അഖിലേന്ത്യാ അയ്യപ്പസേവാസമാജത്തിന്റെ അധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് സംസാരിക്കും. കുമ്മനം രാജശേഖരനും പങ്കെടുക്കും. നാലാം ദിവസം പരിസ്ഥിതിദിനാചരണമാണ്. ഗോവിന്ദാചാര്യ, ബലദേവാനന്ദസാഗര്‍ എന്നീ പ്രമുഖര്‍ പങ്കെടുക്കും. നാലാംദിവസം ‘ഹിന്ദു കുടുംബ മാനേജ്‌മെന്റ്’ എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന വിചാരയജ്ഞത്തെ ശശികല ടീച്ചര്‍ നയിക്കും. അഞ്ചാം ദിവസം ‘ന്യൂനപക്ഷ പ്രീണനവും ഹിന്ദുപീഡനവും’ എന്നതിനെക്കുറിച്ചായിരിക്കും ചര്‍ച്ച. പുലയ മഹാസഭയുടെ സാരഥിയായ തുറവൂര്‍ സുരേഷായിരിക്കും ചര്‍ച്ചയുടെ മോഡറേറ്റര്‍.

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് മുഖ്യ രക്ഷാധികാരിയായും പി.പരമേശ്വരന്‍, പ്രൊഫ. വാസുദേവന്‍പോറ്റി തുടങ്ങിയവര്‍ രക്ഷാധികാരികളായും ഒ.രാജഗോപാല്‍ ചെയര്‍മാനായും പി.അശോക് കുമാര്‍ വര്‍ക്കിങ് പ്രസിഡന്റായും പി. ഗോപാല്‍ ജനറല്‍ കണ്‍വീനറായും കെ.രാജശേഖരന്‍ മുഖ്യ സംയോജകനായും വിവിധ ഹൈന്ദവ സംഘടനകളില്‍നിന്നും 1000-ത്തോളം പ്രമുഖര്‍ ഉള്‍പ്പെടുന്ന വിപുലമായ ഒരു സംഘാടകസമിതിയുടെ നേതൃത്വത്തിലാണ് അനന്തപുരി ഹിന്ദു മഹാസമ്മേളനം തലസ്ഥാനനഗരിയില്‍ അരങ്ങേറുക.