ഞാന്‍ ഏതെങ്കിലും മതത്തെ എതിര്‍ക്കുന്നു എന്നു പറയുന്നതു ശരിയല്ല. ഭാരതത്തിലുള്ള ക്രിസ്തീയമതപ്രചാരകരോട് എനിക്കു വിരോധമാണെന്നു പറയുന്നതും, അതുപോലെതന്നെ, തെറ്റാണ്. പക്ഷേ അവര്‍ അമേരിക്കയില്‍നിന്നു പണം പിരിക്കാന്‍ കൈക്കൊള്ളുന്ന ചില രീതികളെ ഞാന്‍ പ്രതിഷേധിക്കുന്നു. ഒരു ഹിന്ദുമാതാവ് സ്വന്തം കുഞ്ഞുങ്ങളെ ഗംഗയിലെ ചീങ്കണ്ണികള്‍ക്ക് എറിഞ്ഞുകൊടുക്കുന്ന ചിത്രങ്ങള്‍ (അമേരിക്കയിലെ) കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള ചില സ്‌കൂള്‍ പുസ്തകങ്ങളില്‍ കൊടുത്തുകാണുന്നു. എന്താണ് ഇതിന്റെ അര്‍ത്ഥം? തള്ള കറുത്താണ്: എങ്കിലും കുഞ്ഞിനെ വെള്ളച്ചായത്തില്‍ വരച്ചിരിക്കുന്നു - കൂടുതല്‍ അനുകമ്പ ഉളവാക്കാനും പൈസ തട്ടിയെടുക്കാനും! ഒരുവന്‍ സ്വന്തം ഭാര്യയെ മരക്കാലില്‍ കെട്ടി സ്വന്തം കൈകൊണ്ടു തീ കൊളുത്തുന്നതും അങ്ങനെ അവളെ അയാളുടെ ശത്രുവിനെ ഉപദ്രവിക്കുന്ന ഒരു പ്രേതമാക്കിത്തീര്‍ക്കുന്നതുമായ പടങ്ങളുടെ അര്‍ത്ഥമെന്താണ്? മനുഷ്യരുടെമേല്‍ കയറി അവരെ ഞെരിച്ചു ചതയ്ക്കുന്ന വമ്പിച്ച തേരുകള്‍ ചിത്രീകരിക്കുന്നതിന്റെ അര്‍ത്ഥമെന്ത്? ഈ നാട്ടില്‍ (അമേരിക്കയില്‍) കഴിഞ്ഞ ഒരു ദിവസം കുട്ടികളെ ഉദ്ദേശിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു: അതില്‍ ഈ മാന്യരിലൊരുവന്‍ തന്റെ കല്‍ക്കത്താസന്ദര്‍ശനത്തെ വര്‍ണ്ണിച്ചിരിക്കയാണ്. കല്‍ക്കത്തയിലെ തെരുവുകളിലൊന്നില്‍ ഒരു തേര് മൂഢഭക്തന്മാരുടെമേല്‍ കയറി ഓടുന്നതു താന്‍ കണ്ടു എന്ന് അതില്‍ പറഞ്ഞിരിക്കുന്നു. ഇവരില്‍പ്പെട്ട ഒരു മാന്യന്‍ മെംഫിസില്‍വെച്ച് പ്രസംഗിക്കുന്നതു ഞാന്‍ കേട്ടു, ഭാരതത്തിലെ ഓരോ ഗ്രാമത്തിലുമുണ്ട് ശിശുക്കളുടെ അസ്ഥികള്‍ നിറഞ്ഞ ഓരോ കുളമെന്ന്.