2010, ജൂൺ 17, വ്യാഴാഴ്‌ച

സനാതനധര്‍മ്മത്തിന്റെ സനാതനത്വവും സംസ്‌കാരാപചയവാദവും

ബ്രഹ്മചാരി ഭാര്‍ഗവരാം
(ജനറല്‍ സെക്രട്ടറി, ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി)

``സനാതനധര്‍മ്മം അതിപുരാതനമാണ്‌. അത്‌ നിരവധി വെല്ലുവിളികളെ നേരിട്ടിട്ടുണ്ട്‌. എങ്കിലും കാലത്തിന്റെ കുത്തൊഴുക്കുകളില്‍ അതിജീവനം നേടിയ ചരിത്രമാണതിന്‌. കാരണം അത്‌ സനാതനമാണ്‌. ലോകത്തില്‍ നിലവിലിരുന്ന റെഡിന്ത്യന്‍, മെസപ്പൊട്ടോമിയന്‍, ഈജിപ്‌ഷ്യന്‍ തുടങ്ങിയ പ്രബല സംസ്‌കാരങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോഴും ഭാരതത്തിന്റെ സംസ്‌കാരവും സനാതനധര്‍മ്മവും അതിജീവിച്ചു. കാരണം അത്‌ സനാതനമാണ്‌'' നിരന്തരം വിവിധ ഹൈന്ദവ നേതൃത്വങ്ങളില്‍ നിന്ന്‌ മുഴങ്ങിക്കൊണ്ടിരിക്കുന്ന ഉത്തേജനത്തിന്റെ കരുത്തുപകരുന്ന വാചകങ്ങളാണിവ. ഇവിടെ പരാമര്‍ശിക്കപ്പെട്ട ആശയാംശങ്ങള്‍ വിശകലനം ചെയ്‌താല്‍, തെറ്റായ സന്ദേശം നല്‌കിക്കൊണ്ടിരിക്കുന്ന, അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും ചേര്‍ന്ന ചില പരിചിന്തനങ്ങളാണിവയെന്ന്‌ ബോധ്യപ്പെടും.

ഇവയില്‍ അന്തര്‍ധാരയായി മുഴങ്ങുന്ന ആശയഗതികളില്‍ പ്രധാനം - (i) സ്വയം കാലത്തെ അതിജീവിക്കുന്നതാണ്‌ സനാതനധര്‍മ്മം. (അതിജീവനത്തിന്‌ ആരും മുതിര്‍ന്നില്ലെങ്കിലും അത്‌ നിലനില്‌ക്കും). (ii) സനാതന ധര്‍മ്മസംവിധാനം വെല്ലുവിളികളെ നേരിട്ടിട്ടും കോട്ടം തട്ടിയിട്ടില്ലാത്ത അവസ്ഥയിലാണ്‌ അത്‌ നിലനില്‌ക്കുന്നത്‌. (iii) സംസ്‌കാരങ്ങളുടെ കാലസിദ്ധമായ അപക്ഷയംമൂലം തനിയെ തകര്‍ന്നടിഞ്ഞവയാണ്‌ ലോകത്തില്‍ പ്രബലങ്ങളായിരുന്ന റെഡിന്ത്യന്‍, റോമന്‍ തുടങ്ങിയ സംസ്‌കാരങ്ങള്‍.

പ്രഥമദൃഷ്‌ട്യാ നിര്‍ദോഷമായ ഈ ആശയസംഹിത ദീര്‍ഘാലോചനയില്ലായ്‌മയുടെയും ചരിത്രവിമുഖതയുടെയും അജ്ഞതയുടെയും അധിനിവേശ കാഴ്‌ചപ്പാടിന്റെ ഗൂഢാലോചനയെ കുറിച്ചുള്ള ധാരണയില്ലായ്‌മയുടെയും എളിയ ഉദാഹരണവും വലിയ ദുരന്തവുമാണ്‌. ഇത്തരം കാഴ്‌ചപ്പാടുകള്‍ നിരുത്തരവാദപരമായി പ്രചരിപ്പിക്കുന്നത്‌ സംസ്‌കാരത്തിന്റെയും ധര്‍മത്തിന്റെയും സ്ഥായിതയ്‌ക്ക്‌ വിഘാതമുണ്ടാക്കും.

സനാതനധര്‍മത്തിന്റെ സനാതനത്വം
സനാതനധര്‍മത്തിന്റെ സനാതനത്വം അതിന്റെ കാഴ്‌ചപ്പാടിന്റെ മൂല്യങ്ങളിലാണ്‌ നിലനില്‌ക്കുന്നത്‌ എന്നും ഈ ദര്‍ശനങ്ങള്‍ക്ക്‌ ചിരകാല പ്രസക്തിയുണ്ട്‌ എന്നും ഉള്ള ആശയമാണ്‌ സനാതനത്വത്തിന്റെ വിവക്ഷ. അതുകൊണ്ടുതന്നെ ഈ മൂല്യങ്ങള്‍ പഠിക്കുവാനും പഠിപ്പിക്കുവാനും ആചരിക്കുവാനും പ്രചരിപ്പിക്കുവാനുമുള്ള ജനതതിയും അവരുടെ നിലനില്‌പും സുരക്ഷയും കൂടി പ്രസക്തമാകുന്നു. കേവലമായ മൂല്യം ജനതതിയില്ലാതെ നിലനില്‌ക്കുകയില്ലല്ലോ. ഈ സ്വാഭിമാനജനതതിയെ മറന്നുകൊണ്ടുള്ള കാഴ്‌ചപ്പാട്‌ അപക്വമായിരിക്കും. മൂല്യങ്ങളെ ഉള്‍ക്കൊള്ളുവാന്‍ ഉള്‍ക്കരുത്തുള്ള ജനതതിയില്ലെങ്കില്‍ മൂല്യങ്ങള്‍ നിലനില്‌ക്കില്ലാ എന്നും അതുകൊണ്ട്‌തന്നെ അതുള്‍ക്കൊള്ളാനുള്ള ജനതതിയെ സംരക്ഷിക്കുവാനും നിലനിര്‍ത്തുവാനും വാര്‍ത്തെടുക്കുവാനും സജ്ജരാക്കുവാനുമുള്ള ദൗത്യം അനിവാര്യമായിത്തീരുന്നു. അതായത്‌ ധര്‍മ്മിയില്ലാതെ ഒരുധര്‍മ്മവും നിലനില്‍ക്കില്ല എന്നും ധാരാവാഹിയായി കാലഘട്ടങ്ങളിലൂടെ സനാതനമായി ഒഴുകുന്ന ധര്‍മ്മിസമൂഹമാണ്‌ ധര്‍മ്മത്തിന്റെ സ്ഥായിതയ്‌ക്ക്‌ നിദാനമെന്നും വരുന്നു. അതുകൊണ്ടുതന്നെ ബൗദ്ധികഹിന്ദുത്വം സനാതനധര്‍മസംരക്ഷണത്തിന്റെ സര്‍വസജ്ജമായ പാതയെ അംഗീകരിക്കുകയും, അങ്ങനെയൊരു സംരക്ഷണത്തിന്റെ ആവശ്യകതയേ പ്രസക്തമല്ല എന്ന കാഴ്‌ചപ്പാടുപേക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്‌.

സനാതനധര്‍മവിശ്വാസികളെ ഉന്മൂലനം ചെയ്യുന്നത്‌ കണ്ടിട്ടും, നാം ഇവരെല്ലാക്കാലവും നിലനില്‌ക്കുമെന്ന്‌ വിശ്വാസികളില്‍ സനാതനത്വം കല്‌പിക്കുകയാണ്‌. വിശ്വാസികളില്‍ ഒരു കാലത്തും സനാതനത്വം നിലനിന്നിട്ടില്ല എന്നത്‌ സനാതനധര്‍മ്മ വിശ്വാസികളുടെ ജനസംഖ്യാനുപാതമായി വിവിധകാലങ്ങളിലും ദേശങ്ങളിലുമുണ്ടായ ഗതിവിഗതിക്കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. കാലങ്ങളിലൂടെ ദേശങ്ങളിലൂടെ ഉഛേദിക്കപ്പെട്ട സനാതനി സമൂഹങ്ങള്‍ അനേകങ്ങളാണ്‌. ലോകമെങ്ങും വ്യാപരിച്ചിരുന്ന സനാതനധര്‍മസമൂഹം അതിന്റെ മൂല്യങ്ങളില്‍ മിക്കതും കൈമോശപ്പെടുത്തിയും പലതും മാറ്റിമറിച്ചും നാമധാരികളായി ചെറിയൊരു ക്യാന്‍വാസിലേക്ക്‌ ഒതുക്കപ്പെട്ടിരിക്കുന്നു. എന്നിട്ടും നാമിന്നും പറയുന്നു - `അക്ഷയ്യമായ സനാതന സമൂഹം'' എന്ന്‌. ഇത്രയും ക്ഷയങ്ങളെ അതല്ലാതായി പരികല്‌പിക്കാന്‍ നാം മിടുക്കാര്‍ജ്ജിക്കുന്നു.

സനാതനധര്‍മത്തിന്റെ അതീജീവനോപായം
സനാതനധര്‍മം ആരും മുതിര്‍ന്നില്ലെങ്കിലും ധാരാവാഹിയായി നിലനിന്നുകൊള്ളുമെന്ന കാഴ്‌ചപ്പാട്‌ അട്ടിമറിക്കപ്പെടേണ്ടതുണ്ട്‌. ധര്‍മം സംരക്ഷിക്കപ്പെടേണ്ടതാണെന്ന്‌ വേദംതൊട്ട്‌ സകലഗ്രന്ഥങ്ങളും ഊന്നിപ്പറയുന്നുണ്ട്‌. വേദസാരസര്‍വസ്വമായ ഗീതതന്നെ `ധര്‍മ്മസംരക്ഷണാര്‍ത്ഥമായി ചെയ്യുന്ന ഭഗവാന്റെ വിളംബരമല്ലേ. ധര്‍മസംരക്ഷണത്തിന്റെ ആവശ്യകത ഉദ്‌ഘോഷിച്ചുകൊണ്ടാണ്‌ ധാര്‍മികമൂല്യങ്ങളുടെ കേദാരമെന്നോണം നമുക്ക്‌ മുന്നില്‍ അവതാരകഥകള്‍ നിലകൊളളുന്നത്‌. (i) ആചാര്യന്മാരുടെ രൂപത്തിലും (ii) ധര്‍മ സമരസേനാനികളുടെ രൂപത്തിലും. നമ്മുടെ മുന്നില്‍ അവതരിപ്പിക്കപ്പെടുന്ന ഇവരുടെ അപദാനങ്ങള്‍ വ്യക്തമായും നമ്മോടു പറയുന്നത്‌ - (i) ധര്‍മബോധനം വേണമെന്നും (ii) അധാര്‍മികതയ്‌ക്ക്‌ എതിരെ പ്രതികരിച്ച്‌ ജയിക്കണമെന്നുമാണ്‌ ഇതാണ്‌ വാസ്‌തവത്തിലുള്ള അതിജീവനോപായം. ഈ ഉപായത്തെ മറന്നുകൊണ്ട്‌ തനിയെ പ്രവര്‍ത്തനക്ഷമമാക്കുന്ന ഒരു അലൗകീകത കല്‌പിച്ചപ്പോള്‍ ധര്‍മനാശത്തിന്‌ വഴിവെച്ച ചരിത്രമാണ്‌ നമുക്കുള്ളത്‌. ശ്രീരാമനോ അര്‍ജുനനോ അധാര്‍മികതയ്‌ക്കെതിരെ പോരാടിയെങ്കില്‍, വിജയം വരിച്ചെങ്കില്‍, നാമിന്നവരെ പിന്‍പറ്റുവാനും അനുസരിക്കുവാനും ആ മാതൃക കൈവരിക്കുവാനും ശ്രമിക്കുന്നതിനു പകരം അവരെ `പൂജിക്കുന്നതില്‍ മാത്രം' ധാര്‍മ്മികത കണ്ടെത്തുന്നു. അവതാരങ്ങളുടെ ധര്‍മരക്ഷണോപായം മറന്നും പോകുന്നു.

നാം അതിജീവിച്ചോ?
സംസ്‌കാരത്തിന്റെ അതിജീവനത്തെക്കുറിച്ച്‌ പറയേണ്ടിവരുമ്പോള്‍ അതിന്റെ ആഴവും പരപ്പും പരിശോധനാവിഷയമാക്കണം. ഒട്ടുമുക്കാലും തമസ്‌കരിക്കപ്പെട്ട തനിമയുടെ ഉടമകളാണിവിടെ പേരുകള്‍ കൊണ്ട്‌ തിരിച്ചറിയപ്പെടുന്ന സനാതനികള്‍. ധര്‍മം വളരുന്നതും വ്യഞ്‌ജിക്കുന്നതും ആചാരങ്ങളിലൂടെയാണെന്ന്‌ നമുക്കറിയാം. വസ്‌ത്രധാരണംമുതല്‍ ഉത്സവങ്ങള്‍വരെ മറന്നുകളഞ്ഞ്‌, പിറന്നാളിന്ന്‌ ദീപം കെടുത്തുന്നയിടംവരെയും മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കുന്നതുവരെയും എത്തിയ ശൈലികളും കുടുംബ ജീവിതവ്യവസ്ഥ തന്നെ അന്യമാക്കുകയും ചെയ്യുന്ന പശ്ചാത്തലവും പരിശോധിച്ചാല്‍ ധാര്‍മികനാശത്തിന്റെ ആഴമറിയാന്‍ പ്രയാസമില്ല.

ആയിരത്താണ്ടുകള്‍ ലോകമെങ്ങും പ്രസരിച്ച ധാര്‍മികസന്ദേശം അതും വളരെ വികലമാക്കപ്പെട്ട രീതിയില്‍ ലോകജനസംഖ്യയുടെ ചെറിയൊരളവിലേക്ക്‌ കേവലം ഭാരതത്തിലേക്ക്‌ ചുരുക്കപ്പെട്ടത്‌ പരിശോധിച്ചാല്‍ നശീകരണത്തിന്റെ പരപ്പും നമുക്ക്‌ സുവ്യക്തം. പിന്നെയും നാം പറയുന്നത്‌ നാം അതിജീവിച്ചു എന്നുതന്നെയാണ്‌. ഏതേതംശങ്ങളിലാണ്‌ നാമതിജീവിച്ചത്‌? മൂല്യങ്ങളുടെ തനിമയും മൂല്യങ്ങളുള്‍ക്കൊള്ളാനുള്ള ജനതതിയും കാലങ്ങളോളം അന്യാധീനമായിട്ടും നാമതിജീവിക്കുന്നു എന്ന്‌ പറയാന്‍ നാം ധൈര്യം കാണിക്കുന്നുവെങ്കില്‍, ബോധമില്ലാതെ അംഗങ്ങളെല്ലാം ഉച്ഛേദിക്കപ്പെട്ടനിലയിലുള്ളയാള്‍ സ്വസ്ഥനാണെന്ന്‌ പറയുവാനുള്ള ചങ്കൂറ്റവും വേണം. സനാതനധര്‍മ്മം ഏതേതംശങ്ങളിലെങ്കിലും അതിജീവിച്ചിട്ടുണ്ടെങ്കില്‍ അതിന്‌ പിന്നില്‍ ശക്തമായതും നിരന്തരമായതുമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അത്‌ യാഥാര്‍ത്ഥ്യം മാത്രമാണ്‌. ഇനിയും ഇവിടെ ചെയ്യാനുള്ളതൊന്നുമാത്രം - മൂല്യങ്ങളുള്‍ക്കൊള്ളുന്ന ജനതതിയെ സജ്ജമാക്കുക - ഏതവസ്ഥയിലും വിജയിക്കുന്നതിന്‌.

സംസ്‌കാരപചയവാദവും സാനതനത്വവും
നമ്മുടെ മതേതര പാഠപുസ്‌തകങ്ങള്‍ മുതല്‍ ഉയര്‍ന്ന അക്കാദമികവേദികള്‍വരെ വളരെ സമര്‍ത്ഥമായി അവതരിപ്പിക്കുന്ന ഒരാശയമാണ്‌ ലോകത്തിലെ പ്രധാന സംസ്‌കാരങ്ങളെല്ലാം കാലത്തിന്റെ പ്രയാണത്തിനിടയില്‍ തകര്‍ന്നടിഞ്ഞുവെന്നത്‌. എന്നാല്‍ സൂക്ഷ്‌മപരിശോധന നടത്തിയാല്‍ വ്യക്തമാകുന്നത്‌ ലോകത്തിലെ ഒരു സംസ്‌കാരവും സ്വാഭാവിക അപചയംമൂലം ഇല്ലാതായിട്ടില്ല എന്നാണ്‌. വളരെ ക്രൂരമായും രക്തരൂക്ഷിതമായും നശിപ്പിക്കപ്പെട്ട ചരിത്രത്തെ തമസ്‌കരിക്കുകയും സ്വാഭാവികമായി അപചയം സംഭവിച്ചതാണെന്ന രീതിയിലുള്ള വിശദീകരണം നല്‌കുകയും ചെയ്യുന്നത്‌, നമുക്കും ഒരപചയം ഉണ്ട്‌ എന്ന്‌ ഉപബോധമനസ്സുകളില്‍ കുത്തിവയ്‌ക്കുന്ന ഗൂഢാലോചനയത്രേ. എന്തെന്ത്‌ നശീകരണശ്രമങ്ങള്‍ അധാര്‍മീകതയില്‍നിന്ന്‌ ആസൂത്രിതമായുണ്ടായാലും നാം സമാധാനിക്കും, സനാതനധര്‍മം ആര്‍ക്കും നശിപ്പിക്കാന്‍ കഴിയില്ല എന്ന്‌. മറ്റൊരുവശത്ത്‌ നാം പഠിച്ചുവയ്‌ക്കും, സാംസ്‌കാരിക ചരിത്രത്തില്‍ സാംസ്‌കാരികാപക്ഷയം അനിവാര്യമാണ്‌ എന്ന്‌. ഈ രണ്ട്‌ ആശയങ്ങള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍പോലും നമ്മെ അലോസരപ്പെടുത്തുന്നില്ല.

സംഘടിതമതങ്ങളാല്‍ ലോകത്തിലെ സംസ്‌കാരങ്ങള്‍ നശിപ്പിക്കപ്പെട്ടതിന്റെ മാതൃകകള്‍ നാം പുനര്‍നിര്‍ണ്ണയിക്കുകയും പഠന വിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്‌. നാമിന്നഭിമുഖീകരിക്കുന്ന സംസ്‌കാരോച്ഛേദഭീഷണി നാമറിയാതെ പോകരുത്‌. സംസ്‌കാരമില്ലെങ്കില്‍ ധര്‍മവുമില്ലല്ലോ. ആഴത്തിലും പരപ്പിലും - മൂല്യബോധത്തിലും അംഗസംഖ്യയിലും - നാം ചുരുങ്ങിക്കൊണ്ടിരിക്കുന്നു.

സംസ്‌കാരാപചയവാദത്തെ നാം സനാതനവാദംകൊണ്ട്‌ ചെറുക്കണമെങ്കില്‍ നാം കാഴ്‌ചപ്പാടില്‍ കാതലായ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്‌. സനാതനത്വം മൂല്യങ്ങളില്‍ കല്‌പിക്കപ്പെടുകയും അതില്‍പിന്നീട്‌ മൂല്യവത്തായവയ്‌ക്ക്‌ കല്‌പിക്കുകയും ചെയ്യണം. മൂല്യവത്തല്ലാത്തിടത്തോളം സംസ്‌കാരം നശിപ്പിക്കപ്പെടും. അതിന്‌ അവതാരങ്ങളുടെ അതിജീവനസന്ദേശം പ്രായോഗിക ഉപായമാക്കിക്കൊണ്ട്‌ ധര്‍മം (i)പ്രചരിപ്പിക്കുവാനും (ii) സംരക്ഷിക്കുവാനും നമുക്ക്‌ കഴിയട്ടെ.

ധര്‍മോ രക്ഷതി രക്ഷിതാ:

1 അഭിപ്രായങ്ങള്‍:

കയ്യൊപ്പുകള്‍ .... പറഞ്ഞു...

നമസ്കാരം
ഇന്നത്തെ ഹൈന്ദവ സമൂഹത്തിനു ഒരു നാഥനില്ലാത്ത അവസ്ഥയുണ്ട്. അത് പറയുമ്പോള്‍ ഹിന്ദുമതം ഒരിക്കലും പുരോഹിത മേധാവിത്വത്തിനു കീഴില്‍ അല്ലായിരുന്നു എന്ന് വാദിക്കാം, പക്ഷെ ചുറ്റും നോക്കിയാല്‍ കാണാം മത മേലധവികളുടെ പിന്നില്‍ ശക്തമായി നിന്നാണ് ന്യൂന പക്ഷങ്ങള്‍ ഇന്നത്തെ നിലയില്‍ ശക്തരായത്, ഹിന്ദുക്കള്‍ പലതട്ടില്‍ വിഭജിച്ചു നില്‍ക്കുന്നതുകൊണ്ടുള്ള ഗുണവും അവര്‍ക്കാണ്. നമുക്കുവേണ്ടി പൊതുസമൂഹത്തില്‍ അഭിപ്രായം പറയാനും ഹിന്ദുക്കളെ ഒന്നിച്ചു നിര്‍ത്താനും കഴിയുന്ന വ്യക്തിത്വങ്ങളുടെ അഭാവം ഉണ്ട്. ഇന്നുള്ള ആശ്രമങ്ങള്‍ക്കും സന്യാസികള്‍ക്കും ജനങ്ങളിലേക്ക് ഇറങ്ങാന്‍ കഴിയണം,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ