2010, ജൂൺ 14, തിങ്കളാഴ്‌ച

ചില സ്വത്വചിന്തകള്‍

ബ്രഹ്മചാരി ഭാര്‍ഗവരാം
(ജനറല്‍ സെക്രട്ടറി, ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി)

സ്വത്വവാദത്തിന്റെ പ്രസക്ത ഭൂമിക

പി.കെ.പോക്കറിന്റെ സ്വത്വചിന്തയും അതിനുമേല്‍ രാജീവിന്റെ വിമര്‍ശവും കെ.ഇ.എന്റെ താങ്ങുസിദ്ധാന്തവും എം.എ.ബേബിയുടെ ഒത്തുതീര്‍പ്പ്‌ വിധിയും മാധ്യമങ്ങളുടെ ചൂട്‌പിടിപ്പിക്കലും കൊണ്ട്‌ സജീവമായ സ്വത്വവാദവും സ്വത്വരാഷ്‌ട്രീയവും ചില ചിന്തകള്‍ കൂടി ആവശ്യപ്പെടുന്നുണ്ട്‌. മതാത്മക സ്വത്വങ്ങള്‍ , സ്‌ത്രീ പുരുഷ സ്വത്വങ്ങള്‍ , സവര്‍ണ്ണാവര്‍ണ്ണ സ്വത്വങ്ങള്‍ , കീഴാളമേലാള സ്വത്വങ്ങള്‍ എന്നിങ്ങനെയുള്ളവയെ അംഗീകരിക്കണമെന്ന്‌ പോക്കര്‍ സാഹിബ്‌ (കമ്മ്യൂണിസ്‌റ്റ്‌കാരനാണെന്ന്‌ ആണയിട്ടിട്ടും) പറയുന്നതെന്തുകൊണ്ട്‌? നാളെ മുതല്‍ തന്നെയും കെ.ഇ.എന്‍ . കുഞ്ഞഹമ്മദിനെയും ഹമീദ്‌ ചേന്ദമംഗലൂരിനെയും സമദാനിയെയും പാലൊളി മുഹമ്മദ്‌കുട്ടിയെയും കുഞ്ഞാലിക്കുട്ടിയെയും പാണക്കാട്‌ തങ്ങളെയും മദനിയെയും ഖര്‍ദാവിയെയും എന്തിന്‌ ഒരു പക്ഷെ ബിന്‍ലാദനെപോലും ഒന്നിച്ചിരിക്കുന്നത്‌ കണ്ടാല്‍ നിങ്ങളാരും ബേജാറാകരുത്‌ എന്ന്‌ ബോധിപ്പിക്കാന്‍ തന്നെയല്ലേ? നിങ്ങള്‍ ഇതിനെ മതാത്മക സ്വത്വബോധമെന്ന്‌ മാത്രം മനസ്സിലാക്കിയാല്‍ മതി. അതു നേരിട്ടു പറയാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട്‌ നമുക്ക്‌ വൃന്ദാകാരാട്ടും സുഷമാസ്വരാജും തമ്മിലുള്ള ആലിംഗനം സ്‌ത്രീസ്വത്വങ്ങളുടെ തിരിച്ചറിവായി, ഒരു ബിംബമായി ഉപയോഗിക്കാം.

ഇങ്ങനെയുള്ള മതാത്മക സ്വത്വങ്ങളും കീഴാളമേലാള സ്വത്വങ്ങളും അംഗീകരിച്ചാല്‍ തങ്ങളുടെ പരിപാടി പൂട്ടിക്കെട്ടേണ്ടിവരുമല്ലോയെന്നും ഇവരൊക്കെ ഇമ്മാതിരി പറയപ്പെടുന്ന സ്വത്വങ്ങളുടെ പേരില്‍ സംഘടിച്ചാല്‍ തങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കൃത്രിമമായ വര്‍ഗ്ഗസ്വത്വം അപ്രസക്തമാകില്ലേ എന്നുമാണ്‌ രാജീവിന്റെ സങ്കടം. ജനനത്തോടൊപ്പം തന്നെ നേടുന്നതും ജനിതകപരമായുമുള്ള സ്‌ത്രീപുരുഷപരമായ സ്വത്വങ്ങളോട്‌ ഒരിക്കലും സമീകരിക്കാവുന്നതല്ല ചുറ്റുപാടുകളില്‍നിന്ന്‌ ആര്‍ജ്ജിക്കുന്ന ഇതര സ്വത്വങ്ങള്‍ എന്ന വസ്‌തുത ഇവരെല്ലാം മറന്നുപോകുന്നുണ്ട്‌.

ഇസ്ലാമിക തീവ്രവാദ ചിന്തകള്‍ക്ക്‌ ഇടതുപക്ഷ പിന്തുണ ഉറപ്പിക്കാന്‍ ഇടതുപക്ഷത്തുകയറി നിന്ന്‌ പേനയുന്തുന്ന കടുത്ത ജിഹാദി കെ.ഇ.എന്‍ .കുഞ്ഞഹമ്മദ്‌ രാജീവിനെതിരായി പോക്കറുടെ പിന്നാലെ കൂടിയത്‌ തന്നെ തെളിയിക്കുന്നത്‌ മതാത്മകസ്വത്വം അംഗീകരിക്കണമെന്നല്ലേ? 'ഇരയും വേട്ടക്കാരും' കല്‍പ്പനയിലൂടെ `ഇരകളുടെ ഐക്യപ്പെടലി'ന്‌ ആഹ്വാനം ചെയ്യുന്ന കെ.ഇ.എന്‍ തന്നെ ആരാണ്‌ ഇരകള്‍ , ആരാണ്‌ വേട്ടക്കാര്‍ എന്നു നിര്‍വ്വചിക്കുന്നു. ലോകമാകമാനമുള്ള ഇസ്ലാമിക സമൂഹം ഇരകളും അമേരിക്കന്‍ (ക്രൈസ്‌തവ)-സിയോണിസ്റ്റ്‌ (ജൂത)- സാഫ്രണിസ്റ്റ്‌ (ഹൈന്ദവ) സമൂഹങ്ങള്‍ വേട്ടക്കാരുമാണത്രെ. ഇതു കമ്മ്യൂണിസ്റ്റ്‌ പക്ഷത്തുനിന്ന്‌ പറയുമ്പോള്‍ അല്‌പസ്വല്‌പം മാറ്റി പറയണം. എങ്ങനെയെന്നാല്‍ ആഗോള മുതലാളിത്ത ഭീകര ഫാസിസ്റ്റ്‌ ശക്തികളായ അമേരിക്കന്‍ സിയോണിസ്റ്റ്‌ സാഫ്രനിസ്റ്റ്‌ എന്ന്‌ പറയണം. ഇങ്ങനെ പറയുന്നതുകൊണ്ട്‌ കേരളത്തിലെങ്കിലും ഗുണം കിട്ടും. അമേരിക്കയെന്നും ഇസ്രായേലെന്നും കാവിക്കാര്‍ എന്നും കേള്‍ക്കുമ്പോള്‍ തന്നെ ചോരതിളച്ച്‌ മുഷ്‌ടി ആകാശത്തേക്കെറിയുന്ന കേരളത്തിലെ ചുവപ്പന്മാരെ കൂടെ നിര്‍ത്തി വര്‍ഗ്ഗീയതയ്‌ക്കും ഭീകരതയ്‌ക്കും മറയിടുകയും സുരക്ഷ ഏര്‍പ്പാടാക്കുകയും ഇതരന്മാരെ ഇല്ലായ്‌മ ചെയ്യിക്കുകയും ചെയ്യാം. കെ.ഇ.എന്റെ ഇരകളുടെ ഐക്യപ്പെടലും പോക്കറുടെ സ്വത്വവാദവും ലക്ഷ്യം വെയ്‌ക്കുന്നത്‌ ഒന്നു തന്നെയാണെന്ന്‌ തിരിച്ചറിയുമ്പോള്‍ കൃത്രിമസ്വത്വത്തിന്‌ വേണ്ടി പോരടിക്കുന്ന രാജീവിന്റെ സൈദ്ധാന്തിക കസര്‍ത്തുകള്‍ അപ്രസക്തമല്ലേ? ഇരകളുടെ ഐക്യപ്പെടല്‍ പ്രഖ്യാപിച്ചപ്പോഴുള്ള സൈദ്ധാന്തിക പ്രശ്‌നം മാത്രമേ ഇപ്പോഴും ഉള്ളൂ. വോട്ടുകളുടെ ഐക്യപ്പെടലിന്‌ ഗുണകരമാണെന്നതിനാല്‍ അന്ന്‌ ഈ സിദ്ധാന്തത്തിന്‌ ഔദ്യോഗിക പരിവേഷം കൊടുത്തവര്‍ തന്നെ ഇന്നിപ്പോള്‍ പോക്കറിനോട്‌ ഈ ക്രൂരത കാട്ടാമോ?

ഇനി ബേബിസാറിന്റെ കാര്യം. മതാത്മക സ്വത്വത്തെ അംഗീകരിക്കാതിരിക്കാനും വയ്യ എന്നാല്‍ അധികാരത്തിലേറാന്‍ പറഞ്ഞുവന്ന വര്‍ഗ്ഗസ്വത്വത്തെ തള്ളിപ്പറയാനും വയ്യ എന്ന മട്ടിലുള്ള ഒരു വഴുവഴുത്ത ഡിപ്ലോമസിയില്‍ നിര്‍വചന വ്യാപാരങ്ങള്‍ നടത്തുകയാണ്‌ മന്ത്രി. ഭാര്യയുടെ ജന്മനാളിന്‌ പള്ളിയില്‍ വച്ച്‌ ബിഷപ്പുമായി സംസാരിച്ചതും മറ്റു മതമേലദ്ധ്യക്ഷ ബന്ധവും എല്ലാം മതാത്മക സ്വത്വത്തിന്റെ ഭാഗമല്ലെന്ന്‌ കേരളീയര്‍ക്ക്‌ ബോദ്ധ്യപ്പെടുത്തിയതാണ്‌ വിദ്യാഭ്യാസ മാനേജുമെന്റുകളുമായുള്ള വാദമുഖങ്ങളിലെല്ലാം വര്‍ഗ്ഗ സ്വത്വവാദിയായ ഈ മന്ത്രി. ആത്യന്തികമായി മാനേജുമെന്റുകളുമായി ഒത്തുകളിച്ചതാണെന്ന്‌ ആരും പറയാതിരുന്നാല്‍ മതി! സമീപകാല പശ്ചാത്തലത്തിലെ സംഭവ വികാസങ്ങള്‍ ഈ സംശയത്തിന്‌ ഇടകൊടുത്തു നീങ്ങുമ്പോള്‍ ഫലത്തില്‍ മന്ത്രിയുടെ മതാത്മക സ്വത്വത്തിന്റെ ഐക്യപ്പെടല്‍ വ്യക്തമാകുന്നുണ്ടോയെന്ന്‌ ആരും സംശയിക്കാതിരിക്കട്ടെ. ചെറിയ തുറ വെടിവെപ്പിന്‌ പിന്നിലും മതാത്മക സ്വത്വമില്ലെന്ന്‌ കേരളീയ ജനത ധരിക്കേണ്ടതുണ്ട്‌! വര്‍ഗ്ഗ സ്വത്വവാദമെന്ന പ്രത്യയ ശാസ്‌ത്ര ദാര്‍ഢ്യത്തെ സ്ഥിരീകരിക്കുന്ന രാജീവിന്‌ മാത്രമാണ്‌ തന്റെ മതാത്മക സ്വത്വം നഷ്‌ടപ്പെടുത്തി പകരം വര്‍ഗ്ഗ സ്വത്വമെന്ന കൃത്രിമ സ്വത്വത്തിനുവേണ്ടി നിലകൊള്ളാനുള്ള സൈദ്ധാന്തിക നിയോഗിത വന്നുചേര്‍ന്നത്‌. രാജീവ്‌ ഇതിനുവേണ്ടി നിലകൊള്ളുമ്പോള്‍ ഇതര മതാത്മക സ്വത്വങ്ങളില്‍പ്പെട്ടവരും എന്നാല്‍ വര്‍ഗ്ഗസ്വത്വവാദികളെന്ന്‌ അവകാശപ്പെടുന്നവരുമായവരുടെ പ്രതികരണങ്ങളാണ്‌ മേല്‍പ്പറഞ്ഞവ. ഇതാണ്‌ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സ്വത്വവാദം തൊട്ടുംതൊടാതെയും പറഞ്ഞത്‌ `ഇവിടെ ന്യൂനപക്ഷ വര്‍ഗ്ഗീയത വളരുന്നുണ്ട്‌' എന്ന്‌. ഇവിടുത്തെ രാഷ്‌ട്രീയ സ്വത്വങ്ങളെ എല്ലാകാലത്തും ഇവിടുത്തെ ന്യൂനപക്ഷ മതാത്മക സ്വത്വങ്ങള്‍ വിഴുങ്ങുകയോ നിയന്ത്രിക്കുകയോ ചെയ്‌തിട്ടുണ്ട്‌ എന്ന സമീപകാല ചിന്തയും പ്രസക്തം തന്നെ.

ഐഡന്റിറ്റി ക്രൈസിസ്‌
ഈ ഭൂമികയില്‍ നിന്നുകൊണ്ട്‌ വേണം സ്വത്വവാദത്തെപ്പറ്റി പുനര്‍ചിന്തനം ചെയ്യാന്‍. എല്ലാ ക്രൈസിസിന്റെയും അടിസ്ഥാനം ഐഡന്റിറ്റി ക്രൈസിസാണെന്നത്‌ വര്‍ഗ്ഗ സ്വത്വവാദികള്‍ അംഗീകരിക്കുകയില്ല എങ്കിലും ഒരു യാഥാര്‍ത്ഥ്യമാണെന്നാണ്‌ ഭാരതീയ ഋഷീശ്വരന്മാര്‍ പറഞ്ഞിട്ടുള്ളത്‌. അതുകൊണ്ട്‌ ആത്മാന്വേഷണത്തിന്‌ വഴിമരുന്നിട്ട്‌ ചിന്തയെ നയിച്ച അവരുടെ കാഴ്‌ചപ്പാടുകള്‍ സ്വത്വ അന്വേഷണ വിഷയത്തില്‍ പ്രസക്തമാണ്‌. എന്താണ്‌ തനിമയെന്നും ഉണ്‍മയെന്നും അന്വേഷിച്ചുപോയവരാണ്‌ ഭാരതീയ മോക്ഷശാസ്‌ത്രങ്ങളുടെ കര്‍ത്താക്കള്‍. അങ്ങനെയവര്‍ ഭൗതികേതരമായ ആത്മസത്തയെ അംഗീകരിച്ചു. ഭൗതികവിഷയത്തില്‍ അതുമായി ബന്ധപ്പെട്ട സ്വാത്മീകരിച്ച തനിമകളെ അവര്‍ ധര്‍മ്മം എന്നാണ്‌ വിളിച്ചത്‌. അത്‌ ഓരോ കാലത്തിനും ദേശത്തിനും വ്യക്തിക്കുമായി വിഭിന്നങ്ങളായി പറഞ്ഞു. അവ ആചാരങ്ങളിലൂടെ നിലനിര്‍ത്തി. ഓരോരുത്തരും ഉള്‍ക്കൊള്ളുന്നതാണ്‌ അവരവരുടെ ധര്‍മ്മം. ഈ ധര്‍മ്മമെന്ന സ്വത്വത്തിനുവേണ്ടി നിലകൊള്ളാനാണ്‌ നമ്മെ ഋഷീശ്വരന്മാര്‍ ബോധിപ്പിച്ചത്‌. ഈ സ്വത്വത്തെ നിലനിര്‍ത്താനാണ്‌ വേദം മുതല്‍ ഉപനിഷത്ത്‌ വരെയും രാമായണം മുതല്‍ ഗീത വരെയും പറയുന്നത്‌. ഗീതയുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ ശ്രേയാന്‍ സ്വധര്‍മോ വിഗുണഃ, പരധര്‍മ്മോ ഭയാപഹഃ' എന്നാണ്‌. തന്റെ തനിമ അത്രയൊന്നും മേന്മയില്ലെങ്കില്‍ പോലും ശ്രേഷ്‌ഠമാണ്‌ എന്നും പരധര്‍മ്മം ഭയാപഹമാണെന്നും അതിനെ ത്യജിക്കണമെന്നുമാണ്‌ ഋഷിയുടെ ഉപദേശം. ഇവിടെ പരാമര്‍ശിക്കപ്പെട്ട ധാര്‍മ്മിക സ്വത്വത്തിന്റെ നശീകരണവും ആര്‍ജ്ജിത സ്വത്വങ്ങളുടെ സന്നിവേശവുമാണ്‌ ഇന്നത്തെ ഐഡന്റിറ്റി ക്രൈസിസ്‌. നാമെല്ലാം ഇന്ന്‌ വ്യാകുലപ്പെടുന്ന പാശ്ചാത്യ അനുകരണവും ഇതേ ക്രൈസിസ്‌ തന്നെ.

കൃത്രിമ സ്വത്വങ്ങള്‍
ലോകത്തിലെ പ്രചുരങ്ങളായ നാല്‍പ്പത്തിനാലില്‍ പരം പ്രമുഖ സംസ്‌കാരങ്ങളെയും അവയുടെ സ്വത്വങ്ങളെയും അവയുടെ ഉപസ്വത്വങ്ങളെയും പൈശാചികമായി ഇല്ലായ്‌മ ചെയ്‌ത്‌ അവിടെ കൃത്രിമ സ്വത്വങ്ങളുടെ വേരൂന്നിയത്‌ ഇസ്ലാമികതയും ക്രൈസ്‌തവതയുമാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. പിന്നീട്‌ ഇതേ മാതൃകയില്‍ സ്വത്വ നശീകരണം നടത്തിയത്‌ കമ്മ്യൂണിസ്റ്റ്‌ പ്രത്യയ ശാസ്‌ത്രങ്ങളുമാണ്‌. കമ്മ്യൂണിസ്റ്റുകള്‍ സ്വത്വനശീകരണം നടത്തിയ പലയിടങ്ങളിലും പുതിയ സ്വത്വങ്ങളുടെ കൃഷിയിറക്കിയതും മേല്‍പ്പറഞ്ഞ സംഘടിത മതസംവിധാനങ്ങള്‍ തന്നെ. കേരളത്തിന്റെ കാര്യം മാത്രമെടുത്തു പരിശോധിച്ചാല്‍ ഇത്‌ വ്യക്തമാകും. ഇവിടെ പാവപ്പെട്ടവന്റെ പ്രസ്ഥാനമെന്ന്‌ അവകാശപ്പെട്ടുവന്ന കമ്മ്യൂണിസവും അവരുടെ സഹായകപ്രസ്ഥാനമായ ശാസ്‌ത്രസാഹിത്യ പരിഷത്തുമെല്ലാം ആദ്യമായി കൈവച്ചത്‌ അവരുടെ സ്വത്വങ്ങളുടെ മേലാണ്‌. അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും എന്തിനധികം നാമകരണങ്ങളെ പോലും മോശമായും അന്ധവിശ്വാസമായും പ്രചരിപ്പിച്ച്‌ ഫോക്‌ലോറായി വസ്‌ത്രാക്ഷേപം ചെയ്‌ത്‌ റോഡിലൂടെ വലിച്ചിഴക്കപ്പെട്ടപ്പോള്‍ സ്വത്വഹത്യയുടെ പുതിയ പാഠങ്ങള്‍ പരീക്ഷിക്കപ്പെടുകയായിരുന്നില്ലേ. ഇങ്ങനെ സ്വത്വം നഷ്‌ടപ്പെട്ടവരെ മതപരിവര്‍ത്തനം നടത്തി കൃത്രിമ സ്വത്വങ്ങളില്‍ ഉള്‍ച്ചേര്‍ക്കാന്‍ എളുതാക്കിയത്‌ ഈ സ്വത്വഹത്യാ പ്രവണതയാണ്‌.

സ്വത്വ നശീകരണത്തിലും കൃത്രിമ സ്വത്വങ്ങളുടെ സന്നിവേശത്തിലും സംഘടിത മതങ്ങളും കമ്മ്യൂണിസ്റ്റുകളും കൈകോര്‍ക്കുന്നുണ്ട്‌. കൃത്രിമ സ്വത്വം എന്നത്‌ വര്‍ഗ്ഗ സ്വത്വമായിരിക്കണമോ മതസ്വത്വമായിരിക്കണമോ എന്നതില്‍ മാത്രമാണ്‌ ഇവര്‍ തമ്മിലുള്ള പോര്‌. സിദ്ധാന്തങ്ങള്‍ എന്തു പറഞ്ഞാലും വര്‍ഗ്ഗ സ്വത്വം ഒഴിച്ച്‌ മറ്റെല്ലാം ഉന്മൂലനം ചെയ്യുക എന്നത്‌ ഇത്രയും കാലത്തെ കമ്മ്യൂണിസ്റ്റ്‌ അനുഭവവും മതാത്മകതയൊഴിച്ച്‌ മറ്റെല്ലാം വംശോച്ഛേദം ചെയ്യുകയെന്നത്‌ സംഘടിത മതങ്ങളുടെയും അജണ്ടകള്‍ തന്നെയാണ്‌.

നീലകണ്‌ഠന്റെ വാലും കെ.ഇ.എന്റെ കാലും
ഇത്രയും പരിശോധിച്ചാല്‍ കെ.ഇ.എന്‍ പരിഹസിച്ചു പറഞ്ഞ നീലകണ്‌ഠന്റെ വാലായ നമ്പൂതിരി ഇവിടത്തെ സ്വത്വത്തിന്റെ തന്നെ ഭാഗമായി വളര്‍ന്നു വന്ന വാലും കെ.ഇ.എന്റെ മുഹമ്മദ്‌ എന്ന അവകാശപ്പെട്ട കാല്‌ അറേബ്യയില്‍ നിന്ന്‌ ഇറക്കുമതിചെയ്യപ്പെട്ട പൊയ്‌ക്കാലും അഥവാ കൃത്രിമ കാലുമാണെന്ന്‌ വ്യക്തമാകും. കൃത്രിമ സ്വത്വങ്ങളുടെ ഭാഗമായി പറിച്ചു നടപ്പെട്ട നാമകരണ പദ്ധതിയിലൂടെ കൃത്രിമ സ്വത്വ പരമ്പരയുടെ ഭാഗമായ ഈ പൊയ്‌കാല്‍ വച്ച്‌ മണ്ണിലൂന്നി നില്‍ക്കുന്നത്‌ ശ്രമകരമാകുമെന്ന്‌ കെ.ഇ.എന്നും പോക്കറും ഇനിയെങ്കിലും തിരിച്ചറിയണം.

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ